03:05am 04 September 2026
NEWS
സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാമിനെ വെടിവെച്ച് കൊന്നു
16/02/2025  02:33 PM IST
nila
സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാമിനെ വെടിവെച്ച് കൊന്നു

കേപ്പ്ടൗൺ: സ്വവർഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം വെടിയേറ്റ് കൊല്ലപ്പെട്ടു.  മുഹ്സിൻ ഹെൻഡ്രിക്സ് എന്നയാളാണ് ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ യിൽവെച്ച് വെടിയേറ്റ് മരിച്ചത്. ഇമാമും ഇസ്ലാമിക പണ്ഡിതനും എൽജിബിടിക്യൂ+ പ്രവർത്തകനുമായിരുന്നു മുഹ്സിൻ ഹെൻഡ്രിക്സ്. 

ഒരു വിവാഹത്തിൽ പങ്കെടുത്ത് കാറിൽ മടങ്ങവേയാണ് മുഹ്സിൻ ഹെൻഡ്രിക്സിന് നേരേ ആക്രമണമുണ്ടായത്. കാറിന്റെ പിറകിലെ സീറ്റിൽ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ രക്ഷപെട്ട അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ലോകത്ത് ആദ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്സിൻ ഹെൻഡ്രിക്സ്. കേപ് ടൗണിലാണ് ജനിച്ചത്. പാകിസ്താനിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1991 ൽ കേപ് ടൗൺ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതിൽ രണ്ട് മക്കളുണ്ടായി. 1996 ൽ മുഹ്സിൻ ഹെൻഡ്രിക്സ് വിവാഹമോചിതനായി. തൊട്ടടുത്ത വർഷം സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നു. അതിന്റെ പേരിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്ന് കടുത്ത വേർതിരിവും ഭീഷണിയും നേരിടേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പോരാടി.

സ്വവർഗ്ഗാനുരാഗികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കും സുരക്ഷിത താവളമെന്ന നിലയിൽ ഒരു സംഘടനയ്ക്കും പ്രാർഥനാലയത്തിനും രൂപം നൽകി. ഒട്ടേറെ സ്വവർഗാനുരാഗ വിവാഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ക്വീർ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്സിൻ ഹെൻഡ്രിക്‌സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ആൻഡ് ഇന്റർസെക്സ് സംഘടനകൾ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img